വാസുവേട്ടൻ: വാക്കുകൾക്കപ്പുറം സഞ്ചരിക്കുന്ന ആദരവും സ്നേഹവും. പ്രൊഫ. എൻ.ആർ. അനിൽകുമാർ
Prof. N.R. Anilkumar |
Kalappurakkal Vasu |
1973. ഞാന്‍ ചെസ്സ് കളി പഠിച്ചിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. സെന്റ് തോമസ് കോളേജില്‍ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കുന്ന കൗമാരകാലം. ചെസ്സ് ജ്വരം അത്യാവശ്യം എന്നെ പിടികൂടിയിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളുമായി കിട്ടുന്ന അവസരങ്ങളിലെല്ലാം ചെസ്സ് കളിക്കും. ചെസ്സ് ടൂര്‍ണമെന്റ് എന്ന സംഗതി പത്രത്തില്‍ വായിച്ചിട്ടുണ്ടെങ്കിലും നേരിട്ടു കാണാനോ പങ്കെടുക്കാനോ സാധിച്ചിട്ടില്ല. അപ്പോഴാണ്, പത്രത്തില്‍ ഒരു ദിവസം ആ വാര്‍ത്ത കാണുന്നത്, 'ശങ്കരയ്യര്‍ റോഡില്‍ റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു അഖില കേരളാ ചെസ്സ് മത്സരം' നടക്കാന്‍ പോകുന്നു.
ആവേശമായി. ഒന്നു കളിച്ചുനോക്കിയാലോ. ബന്ധുവും സമപ്രായക്കാരനുമായ ബാബുട്ടനോട് ഇക്കാര്യം പറഞ്ഞു. ലേശം ആശങ്കയോടെ മൂപ്പരും യോജിച്ചു. 'ഒക്കെ വലിയ കളിക്കാരല്ലേ. മ്മക്ക് വല്ല പോയിന്റും കിട്ടോ?' ഇതായിരുന്നു ഇരുവരുടേയും ചിന്ത. 'നമുക്കൊന്നു പോയിക്കളയാം' ന്നു ഞാന്‍. വീട്ടില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ, റെഡ് സ്റ്റാര്‍ ക്ലബ്ബിലേക്ക്. സൈക്കിളും ചവിട്ടി അവിടെയെത്തി.
ശങ്കരയ്യര്‍ റോഡിന്റെ മദ്ധ്യഭാഗത്തുനിന്നും സി. അച്യുതമേനോന്റെ വീട്ടിലേക്കുള്ള റോഡിലേക്കു തിരിയുന്ന മൂലക്കലാണ്, ആ ഒറ്റമുറി ക്ലബ്ബ്. വലിയ ശങ്കയോടെ കയറിച്ചെന്നു. ഷര്‍ട്ടൊന്നുമിടാതെ ഞങ്ങളെ വാത്സല്യപൂര്‍വ്വം നോക്കി, പുഞ്ചിരിച്ചുകൊണ്ട് ഒരു ഇരുനിറക്കാരന്‍ മദ്ധ്യവയസ്‌ക്കന്‍ ഞങ്ങളെ എതിരേറ്റു. 'എന്താ മക്കളേ നിക്കുന്നത് കേറി വാ' എന്ന് അദ്ദേഹം. ഞങ്ങള്‍ക്കു സമാധാനമായി. അകത്തു കേറി ഒരു മരബെഞ്ചില്‍ ഇരുന്നു. രണ്ട് പേര്‍ ചെസ്സ് കളിക്കുന്നു. ഞങ്ങളെ സ്വീകരിച്ച വ്യക്തിയോടു ഞങ്ങള്‍ കാര്യം പറഞ്ഞു, 'ടൂര്‍ണമെന്റില്‍ കളിക്കണമെന്നുണ്ട്. പക്ഷെ അതിനുള്ള നിലവാരം ഉണ്ടോന്നറിയില്ല'. ഉടനെ അദ്ദേഹം കരുക്കള്‍ നിരത്തി. ' മക്കളെന്തൂട്ടിനാ പേടിക്കിണെ? ധൈര്യായിട്ട് കളിച്ചോന്നെ.' ഞങ്ങള്‍ മാറി മാറി അദ്ദേഹത്തോടു കളിച്ചു. ഞങ്ങളുടെ പേടി കുറഞ്ഞു.
അന്ന്, സ്‌നേഹത്തോടെ ധൈര്യം തന്ന ആ വ്യക്തിയായിരുന്നു വാസുവേട്ടന്‍! ആ ധൈര്യമാണ് എന്നെ ചെസ്സ് മത്സരവേദിയിലേക്ക് നയിച്ചത്. എന്നെത്തന്നെ അത്ഭുതപ്പെടിത്തികൊണ്ട് അന്നാ മത്സരത്തില്‍ ഞാന്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. പിന്നീട്, ഇടക്കിടെ അവിടെ പോയി കളിച്ചിരുന്നു. ആദ്യദിവസംമുതല്‍ അവസാനം കാണുന്നതുവരെ അതേ വാത്സല്യവും സ്‌നേഹവും വാസുവേട്ടനില്‍ നിന്നും ലഭിച്ചു.
വളരെ ശാന്തനായ വ്യക്തിയായിരുന്നു അദ്ദേഹം. പെയിന്റിങ് തൊഴിലാളിയാ യിരുന്നു. നന്നായി ചെസ്സ് കളിക്കും. ശുദ്ധമായ ആനന്ദത്തിനു വേണ്ടിയായിരുന്നു വാസുവേട്ടന്‍ ചെസ്സ് കളിച്ചത്. തമാശ പറഞ്ഞും മൃദുവായി പരസ്പരം കളി യാക്കിയും തൊഴിലാളികളും സാധാരണക്കാരും അവിടെ ചെസ്സ് കളിച്ചു. അദ്ധ്വാനിക്കുന്നവന്റ ഉദാത്തമായ മാന്യതയുടെ പ്രതീകമായിരുന്നു വാസുവേട്ടന്‍. പിന്നീട്, എല്ലാ വര്‍ഷവും എന്റെ വീട്ടിലെ വൈറ്റ് വാഷിങ്ങ് നടത്തിത്തന്നത് വാസുവേട്ടനായിരുന്നു. എനിക്കും അമ്മയ്ക്കും വാസുവേട്ടന്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗംപോലെയായിരുന്നു. അത്രക്കു സ്‌നേഹവും വിശ്വാസവും ബഹുമാനവും നമുക്കു സ്വാഭാവികമായി തോന്നുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
വാസുവേട്ടന്റെ ഓര്‍മ്മക്കായി ഒരു ചെസ്സ് ടൂര്‍ണമെന്റ് എന്നതിലും ഉചിതവും ആഹ്ലാദകരവുമായ മറ്റൊരു കാര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം, വാസു വേട്ടനെക്കുറിച്ചുള്ള ഓര്‍മ്മ, സ്‌നേഹത്തിന്റ, മനോഹരമായ ഒരു കാലത്തിന്റെ ഹരിതാഭമായ പരിസരത്തേക്കു മനസിനെ കൊണ്ടുപോകുന്ന ഒന്നാണ്. വാക്കുകള്‍ക്കപ്പുറം സഞ്ചരിക്കുന്ന ആദരവും സ്‌നേഹവും വാസുവേട്ടനായി ഞാനിവിടെ സമര്‍പ്പിക്കുന്നു.
വാസുവിനെകുറിച്ച്, സതീഷ് കളത്തിൽ എഴുതിയ കവിത: ഉട്ടോപ്യയിലെ രാജാവ്: