നിഹാൽ..! ലോക ചെസ്സിന് തൃശ്ശൂരിന്റെ ചെക്ക്: ഭാസി പാങ്ങിൽ
Bhasi Pangil |
നിഹാൽ..! ലോക ചെസ്സിന് തൃശ്ശൂരിന്റെ ചെക്ക്:
'ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍, പത്തുവയസിനു താഴെയുളളവരുടെ ബ്‌ളിറ്റ്‌സ് ചെസ്സിലെ ലോക ചാമ്പ്യന്‍, നിഹാല്‍ സരിന്‍ സ്‌പോണ്‍സറെ തേടുന്നു.' ഇങ്ങനെയൊരു വാര്‍ത്ത കൃത്യം പത്ത് വര്‍ഷം മുമ്പ്, പത്രങ്ങളില്‍ വന്നിരുന്നു.
ആ വര്‍ഷം സെപ്റ്റംബറില്‍, സൗത്താഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ചാമ്പ്യഷിപ്പില്‍ മത്സരിക്കാന്‍ സ്‌പോണ്‍സറെ അന്വേഷിക്കുന്നതായി, തൃശൂര്‍ പ്രസ്‌ക്‌ളബില്‍ നടന്ന 'മുഖാമുഖ' ത്തി ലാണ്, നിഹാലും പിതാവ് ഡോ. എ. സരിനും പരിശീലകനും സംസ്ഥാന മുന്‍സീനിയര്‍ ചാമ്പ്യനുമായ ഇ.പി. നിര്‍മ്മലും വ്യക്തമാക്കിയത്.
'ലോക നിലവാരത്തിലുളള പ്രകടനം പുറത്തെടുക്കാന്‍ ചിട്ടയായ, മികച്ച പരിശീലനംവേണം. അതിന്, ഭാരിച്ച പണച്ചെലവുണ്ട്. സര്‍ക്കാരോ സ്ഥാ പനങ്ങളോ ലക്ഷങ്ങള്‍ മുടക്കിയാല്‍ മാത്രമേ പരിശീലനം പൂര്‍ത്തിയാക്കാനും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും കഴിയൂ.
കോച്ചിന്റെ നേരിട്ടുളള സാന്നിദ്ധ്യമില്ലാതെ ഓണ്‍ലൈന്‍ കോച്ചിംഗിലൂടെയാണ്, രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിലും നിഹാല്‍ പരിശീലനം നടത്തിയത്. ബാങ്ക് ഓഫ് ഇന്ത്യ ചെലവുകള്‍ വഹിക്കാമെന്നേറ്റതുകൊണ്ടാണ് ഈ നേട്ടങ്ങള്‍ സാദ്ധ്യമായത്. കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്...' ഇങ്ങനെ പോകുന്നു ആ വാര്‍ത്ത.
ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ റാപ്പിഡ്, ബ്‌ളിറ്റ്‌സ് അണ്ടര്‍-10 വിഭാഗത്തില്‍ ജേതാവായ നിഹാലിന്, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ, ഫിഡെ റേറ്റിംഗ് നേടുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയുണ്ടായിരുന്നു. നാലാം ക്ലാസിലായിരുന്നപ്പോഴാണ്, ചെന്നൈയില്‍ നടന്ന അണ്ടര്‍9 മത്സരത്തില്‍ ചാമ്പ്യനായത്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ഡര്‍ബനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
പ്രായത്തെ വെല്ലുന്ന ഓര്‍മ്മശക്തിയും ചെസ് പുസ്തകങ്ങളിലുളള അറിവും നിഹാലിനുണ്ടെന്ന് അന്നേ ലോകം സാക്ഷ്യപ്പെടുത്തി. റെക്കാഡുകളുടെ നീണ്ട പട്ടികയില്‍ ഇടം നേടി.
മാത്യു പി.ജോസഫാണ് ആദ്യത്തെ പരിശീലകന്‍. പ്രൊഫ. എന്‍. ആര്‍. അനില്‍കുമാര്‍, സി. ടി. പത്രോസ്, കെ. കെ. മണികണ്ഠന്‍ തുടങ്ങി ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ വര്‍ഗീസ് കോശിയും ഉക്രേനിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ദിമിത്രി കൊമറോവും നിഹാലിനെ പരിശീലിപ്പിച്ചിട്ടുണ്ട്.
തന്റെ സ്വദേശമായ പൂത്തോളിന് അടുത്തുള്ള ശങ്കരയ്യ റോഡില്‍ നടന്നു വരാറുള്ള പൂജാ ചെസ്സ് ടൂര്‍ണമെന്റ് ഉള്‍പ്പെടെ, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത അനുഭവസമ്പത്തും ലോക ചെസിന്റെ കൊടുമുടിയിലേക്കുള്ള പ്രയാണത്തില്‍ നിഹാലിനൊപ്പമുണ്ട്.
ഭാസി പാങ്ങില്‍:
പത്രപ്രവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍. ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട ലേഖനത്തിന്, കേരള സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ 'ഔഷധകേരളം മാദ്ധ്യമ പുരസ്‌കാരം', കോവിഡ് രോഗപ്രതിരോധത്തില്‍ 'ആയുര്‍ വേദത്തിന്റെ സമര്‍ത്ഥമായ ഇടപെടലുകള്‍' എന്ന ലേഖനത്തിന്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാദ്ധ്യമ പുരസ്‌കാരം, പത്രപ്രവര്‍ത്തകര്‍ക്കുള്ള പ്ലാറ്റൂണ്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രമുഖ സാഹിത്യകാരന്‍ പാങ്ങില്‍ ഭാസ്‌കരന്റെ മകനാണ്. ഭാര്യ: ഡോ. അമൃത. മക്കള്‍: ആര്യവര്‍ദ്ധന്‍, ആര്യശ്രീധി. നിലവില്‍, കേരള കൗമുദി ദിനപ്പത്രത്തിന്റെ തൃശ്ശൂര്‍ ബ്യൂറോ ചീഫാണ്.
SSCT Journal Page 19 |