അറുപത്തിനാല് കള്ളികൾ: സുരേഷ് നാരായണൻ
Suresh Narayanan |
ഒരറ്റത്ത് രാജാവ്;
അനിഷേധ്യന്‍, അധൃശ്യന്‍.
മറ്റേയറ്റത്ത്,
ശ്വാസം മുട്ടുന്ന ശൂന്യത.
‘ഞാനന്നേ പറഞ്ഞതല്ലേ...,
ഒരു രാജ്യം
ഒരു കളി
ഒരേയൊരു ജേതാവ്.’
അട്ടഹാസം... അതങ്ങനെ തുടരുന്നു;
ഒരു വാഹന മുരള്‍ച്ച കേട്ടു തുടങ്ങും വരെ.
സാവധാനം, മറ്റേയറ്റത്തെത്തി
അത് ബ്രേക്കിട്ടു.
ഒരു ട്രാക്ടര്‍.
അതില്‍നിന്നയാള്‍ ഇറങ്ങിവന്നു.
മുണ്ടുമുറുക്കിയുടുത്ത് മുമ്പിലിരുന്നു.
"നീയാര്?’’ ഗര്‍ജനം മുഴങ്ങി.
‘‘ഞാന്‍ പ്രജ.’’ കാലാള്‍.
‘‘തെളിവെന്ത്?’’
‘‘തെളിവുകള്‍...?’’
അയാള്‍ പുറം തിരിഞ്ഞു നിന്നു.
അയാള്‍ പുറം തിരിഞ്ഞു നിന്നു.
മുറിഞ്ഞ കള്ളികള്‍...
മുളളുകള്‍... മുറിവുകള്‍...
മുറിവുകള്‍... മുളളുകള്‍...
‘ആരംഭിക്കലാമാ?’
ഈച്ചകളെ
ആട്ടിയകറ്റിക്കൊണ്ട് അയാള്‍ തിരിഞ്ഞു.
***
സുരേഷ് നാരായണന്‍: വൈക്കം വെള്ളൂര്‍ സ്വദേശി. ഡല്‍ഹി ധനലക്ഷ്മി ബാങ്ക് റീജണല്‍ ഓഫീസില്‍ ഉദ്ദ്യോഗം. മുഖ്യധാരാ പത്രങ്ങളിലും ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയകളിലും കവിതകളും കഥകളും ലേഖനങ്ങളുമായി സജീവം.
'വയലിന്‍ പൂക്കുന്ന മരം' എന്ന ആദ്യത്തെ കവിതാ സമാഹാരത്തിന് 'ആഴ്ചപ്പതിപ്പ്' മാസികയുടെ പ്രഥമ കാവ്യപുരസ്‌കാരം ലഭിച്ചു. രണ്ടാമത്തെ കവിതാ സമാഹാരമായ 'ആയിരം ചിറകുകളുടെ പുസ്തകം' ചിറകുകളുടെ ആകൃതിയിലാണു ഡിസൈന്‍ ചെയ്തിരിക്കുന്നത്. കവി ഡി. വിനയചന്ദ്രന്റെ സ്മരകാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ പ്രണയകവിതാ പുരസ്‌കാരം ഈ കൃതിക്കു ലഭിച്ചു.
SSCT Journal Page 22 |
***