നിഴലുകൾ പടവെട്ടിക്കളിക്കുന്ന കളം: അഭിതാ സുഭാഷ്
രാത്രി കാലങ്ങളിലെ കട്ട പിടിച്ച ഇരുട്ടില്‍... വെളുപ്പാന്‍ കാലങ്ങളിലെ കോടമഞ്ഞിന്റെ പുകച്ചുരുളുകളില്‍... അവ്യക്തമായ വഴികളിലൂടെ തനിയെ നടക്കാന്‍ ശീലിക്കേണ്ടി വരുന്നതും അതൊക്കെകൊണ്ടുതന്നെ. അത്തരം യാത്രകളിലാണ്, മുന്നിലുള്ള നിഴല്‍രൂപങ്ങള്‍ ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍... ഒപ്പം നടക്കാന്‍ സുമനസ് കാണിച്ചിരുന്നെങ്കിലെന്നാശിച്ചു പോകാറുള്ളത്.
Nizhalukal Padavettikkalikkunna Kalam |
മരവിച്ച കൈകളെ കൂട്ടിതിരുമ്മി ചൂട് പിടിച്ചു കൊണ്ടുള്ള നടപ്പിലും വിളിപ്പാടകലെ നീങ്ങുന്ന നിഴലിലേക്കടുക്കുവാന്‍ അവള്‍ ശ്രമിക്കുന്നുണ്ട്. നടത്തത്തിനു വേഗം കൂട്ടി നോക്കി. എത്തുന്നില്ല. ഓടി നോക്കി. എത്തുന്നില്ല. ഒരു കൈയകലം അപ്പോഴും ബാക്കി നില്ക്കുന്നു. എങ്കിലും, തൊട്ടടുത്തെത്തിയതിന്റെ ഒരു സന്തോഷം നുരപൊന്തി.
ഇപ്പോള്‍, അവള്‍ക്കയാളെ തൊടാം. അവളുടെ നിശ്വാസം അയാള്‍ക്കു കേള്‍ക്കാം. ചന്ദ്രന്‍ പൂര്‍ണ്ണമായും പിന്‍വാങ്ങാത്ത അന്തരീക്ഷത്തില്‍, ഈറന്‍ കാറ്റില്‍ ഉലഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ ഉടയാടകളുടെ ഉലച്ചില്‍പോലും ആ അരണ്ട വെളിച്ചത്തില്‍ അയാളുടെ ശ്രദ്ധയിലെത്തും. എന്നിട്ടും, അയാള്‍ തിരിഞ്ഞു നോക്കുന്നുപോലുമില്ല. അവളുടെ വിറയാര്‍ന്ന വലതുകരം അയാളുടെ ചുമല്‍ ലക്ഷ്യമാക്കി പലവട്ടം നീണ്ടു. 'ഹേ... യ്...' എന്ന വിളിപോലും തൊണ്ട വിട്ടു പുറത്തേക്കു വരുന്നില്ല. 'എത്ര ശ്രമിച്ചാലും തനിക്കൊരിക്കലും അവനിലേ ക്കെത്താന്‍ കഴിയില്ല' എന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നതുപോലെ.
പെട്ടന്നാണ്, അവളുടെ കണ്ണുകള്‍ കീഴില്‍മേല്‍ മറഞ്ഞത്... ശരീരത്തിനു ഭാരം നഷ്ടമായത്... പിന്നിലേക്കവള്‍ മറിഞ്ഞു വീണത്...
ആ വീഴ്ചയിലുമവള്‍ ഒരു ഞൊടി കണ്ടിരുന്നു, ആ നിഴല്‍ അപ്പോഴും മുന്നില്‍ പോയ്‌കൊണ്ടിരിക്കുന്നു... അതേ... ജീവിതം ഒരു ചതുരംഗക്കളം തന്നെ; നിഴലുകള്‍ പടവെട്ടിക്കളിക്കുന്ന കളം!
SSCT Journal Page 15 |
***