ഏഷ്യൻ സൗന്ദര്യശാസ്ത്രത്തിൽ ശങ്കരയ്യ റോഡിന്റെ കയ്യൊപ്പ്!: സതീഷ് കളത്തിൽ
A.P. Joshy Sathish Kalathil |
* ഒരു ക്ളീഷേ ചോദ്യത്തില്‍ നിന്നും തന്നെ തുടങ്ങാം. ഈ മേഖലയിലെ പ്രചോദനം/ ഗുരു?
പൊതുവെ, മക്കളുടെ റോള്‍മോഡലുകള്‍ അവരുടെ അച്ഛനമ്മമാര്‍/ രക്ഷിതാക്കള്‍ ആണെന്ന് പറയാറുണ്ടല്ലോ. എന്റെ കാര്യത്തിലും അതുതന്നെയാണു സംഭവിച്ചത്. എന്റെ അച്ഛനും ദേശീയതലത്തില്‍ അറിയപ്പെടുന്ന ബോഡി ബില്‍ഡിങ്ങ് താരമായിരുന്നു. അച്ഛന്‍ മാത്രമല്ല, അച്ഛന്റെ ചേട്ടന്റെ മക്കളായ സുരേഷ് ബാബു, കരുണപ്രകാശ് എന്നിവരും ഈ മേഖലയില്‍ ഉണ്ടായിരുന്നു. ഞാന്‍ വളര്‍ന്നത് ഇവരെ കണ്ടാണ്. ഞാന്‍ ജനിച്ച സമയത്ത്, അച്ഛന്‍ പഞ്ചാബിലെ ലുധിയാനയില്‍ ഒരു മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു.അച്ഛന്‍ ഏ.എസ്. പ്രഭാകരന്‍, തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയില്‍ ലൈന്‍മാനായിരുന്നു. ഓവര്‍സീറായിട്ടാണ് വിരമിച്ചത്. എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ അച്ഛന്‍ വെയ്റ്റ് ലിഫ്റ്റിങ്ങ്, ബോഡി ബില്‍ഡിങ്ങില്‍ കേരളത്തെ പ്രതിനിധീകരി ക്കുന്ന ഇന്ത്യന്‍ താരമായിരുന്നു. ഇന്ത്യന്‍ ഗവ. ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥന്മാര്‍ക്കുവേണ്ടി നടത്തുന്ന സിവില്‍ സര്‍വീസ് മത്സരങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ അദ്ദേഹം 'മിസ്റ്റര്‍ ഇന്ത്യ' ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.
* കരിയറിന്റെ തുടക്കം?
ചെറുപ്പത്തിലെ കൊച്ചു കൊച്ചു ട്രൈനിംഗുകള്‍ അച്ഛന്‍ തരുമായിരുന്നു. അതിരാവിലെയുള്ള ഓട്ടം, പുഷ്-അപ്പ്, പുള്‍-അപ്പ്, സ്ട്രെച്ചിങ്ങ് തുടങ്ങിയ എക്‌സര്‍സൈസുകള്‍. അതൊന്നും എന്നെയൊരു ബോഡി ബില്‍ഡറാക്കണമെ ന്നുള്ള താല്പര്യംകൊണ്ടൊന്നുമല്ല. അച്ഛന്‍ ചെയ്യുന്നതു കണ്ട് ഞാനും ചെയ്യാന്‍ തുടങ്ങി. എനിക്കും ഇതില്‍ ജ്വരം ഉണ്ടെന്നു തോന്നിയപ്പോള്‍ അച്ഛനെന്നെ കോട്ടപ്പുറം ഓവര്‍ബ്രിഡ്ജിനുതൊട്ടുള്ള അയ്യരുടെ ജിംനേഷ്യത്തില്‍ ചേര്‍ത്തു. പണ്ടത്തെ, തൃശ്ശൂരിലെ ഏറ്റവും പ്രസിദ്ധമായ ജിംനേഷ്യമായിരുന്നു, യു.ആര്‍. അയ്യേഴ്സ് ജിംനേഷ്യം. അച്ഛനും ഇവിടെയാണ് ട്രെയ്‌നിങ്ങ് നടത്തിയിരുന്നത്. അന്നൊക്കെ ഇതിനുള്ള സൗകര്യങ്ങള്‍ വീട്ടിലില്ലായിരുന്നു.
അയ്യരുടെയടുത്തു ചെല്ലുമ്പോള്‍, എനിക്ക് 16 വയസാണ്. ഒന്നുരണ്ട് മാസത്തോളമാണ് അവിടെ പ്രാക്ടീസ് ചെയ്തത്. അതിനുശേഷം ഒളരിയിലുള്ള മേഘ ജിംനേഷ്യത്തില്‍ ചേര്‍ന്നു. അയ്യരുടെ അവിടത്തെ ചില സീനിയേഴ്‌സാണ് എന്നെ അവിടേക്കു വിട്ടത്. എന്റെ ശരീരം വെയ്റ്റ് ലിഫ്റ്റിങ്ങിനു സാദ്ധ്യതകളു ള്ളതാണെന്ന് അവരാണു പറഞ്ഞത്. അയ്യരുടെ അവിടെ പവര്‍ ലിഫ്റ്റിങ്ങായി രുന്നു കൂടുതല്‍.
* അവിടത്തെ അനുഭവം?
മേഘയില്‍, അച്ഛന്റെയൊരു സുഹൃത്തുണ്ടായിരുന്നു, എം.കെ. ജോസ്. പൂങ്കുന്നത്തായിരുന്നു താമസം. അദ്ദേഹമന്ന്, സിന്‍ഡിക്കറ്റ് ബാങ്കിന്റെ തൃശ്ശൂര്‍ മെയിന്‍ ബ്രാഞ്ചില്‍ മാനേജര്‍ ആയിരുന്നു. നാഷണല്‍ ബോഡി ബില്‍ഡര്‍ ചാമ്പ്യനായിരുന്നു. അമേരിക്കയില്‍ നടന്ന പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം ലഭിച്ചിട്ടുണ്ട്. എന്റെ കരിയര്‍ ആരംഭിക്കുന്നത്, അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ, മേഘയില്‍ നിന്നാണ്. അച്ഛന്‍ കഴിഞ്ഞാല്‍, അദ്ദേഹമാണ് എന്റെ വഴികാട്ടിയും ഗുരുവും.
മേഘയിലെത്തി ആറേഴ് മാസങ്ങള്‍ക്കുള്ളില്‍തന്നെ ഒരു മത്സരത്തില്‍ പങ്കെടുക്കാനുള്ള ട്രെയ്നിങ്ങ് അദ്ദേഹമെനിക്കു തന്നു. 1992ലാണ്, ശ്രീ കേരള വര്‍മ്മ കോളേജില്‍ പ്രീഡിഗ്രി സെക്കന്റ് ഇയറില്‍ പഠിക്കുന്നു. ജില്ലാ തലത്തിലാ യിരുന്നു മത്സരം. തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അപ്രൂവലോടെ, ബോഡി ബില്‍ഡ് അസോസിയേഷന്‍ ഓഫ് തൃശ്ശൂര്‍ ആണ് നടത്തിയത്. മേഘയായിരുന്നു സംഘാടകര്‍. ആ മത്സരത്തില്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ എനിക്കായിരുന്നു ചാമ്പ്യന്‍ഷിപ്പ്. എന്റെ കന്നി മത്സരവും കന്നി ജയവും അതാണ്.
അതേ വര്‍ഷംതന്നെ, കൊല്ലം പറവൂരില്‍ നടന്ന മിസ്റ്റര്‍ കേരള മത്സരത്തിലെ സബ് ജൂനിയര്‍ വിഭാഗത്തില്‍ എനിക്കായിരുന്നു മൂന്നാം സ്ഥാനം.
* ബോഡി ബില്‍ഡിങ്ങിലെ സ്പോട്ടിങ്ങ് സ്പിരിറ്റ് തിരിച്ചറിഞ്ഞത് ഇതോടു കൂടിയായിരുന്നോ?
അല്ല. അത്, പറവൂരിലെ മിസ്റ്റര്‍ കേരള മത്സരത്തിലാണ് ഉറപ്പിച്ചത്. അന്നെന്റെ പതിനാറാം വയസില്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ ഞാന്‍ ഏറ്റുമുട്ടിയത് മുപ്പതും മുപ്പത്തഞ്ചും വയസായ ആളുകളോടായിരുന്നു. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയാണ് അത്തരക്കാര്‍ പങ്കെടുത്തത്. അക്കാലങ്ങളില്‍ അതൊക്കെ സര്‍വ്വസാധാരണമായിരുന്നുവെന്നു പിന്നീടാണു മനസിലായത്. എന്നിട്ടും, എനിക്കു മൂന്നാമതെത്താനായി. അതൊരു നല്ല കോണ്‍ഫിഡന്‍സ് എന്നില്‍ ഉണ്ടാക്കി.
പിന്നീട്, 94ല്‍ ഡിഗ്രി കാലത്ത്, പാലക്കാട് നടന്ന മിസ്റ്റര്‍ കേരള സബ് ജൂനിയര്‍ മത്സരത്തില്‍, സബ് ജൂനിയര്‍ 'മിസ്റ്റര്‍ തൃശ്ശൂര്‍' ഞാനായിരുന്നു. പോസിങ്ങിലും അവാര്‍ഡ് എനിക്കായിരുന്നു. അവിടംതൊട്ടാണ്, പോസിങ്ങില്‍ ഞാന്‍ ശ്രദ്ധ കേ ന്ദ്രീകരിക്കാന്‍ തുടങ്ങിയത്.
* മിസ്റ്റര്‍ കേരളയ്ക്കുശേഷം, മിസ്റ്റര്‍ ഇന്ത്യയിലേക്കുള്ള ചുവടുവെപ്പ്?
95ലാണ് ആദ്യമായി 'മിസ്റ്റര്‍ ഇന്ത്യ' മത്സരത്തില്‍ പങ്കെടുക്കുന്നത്, കൊല്‍ക്കത്ത യില്‍വെച്ച്. അതേ വര്‍ഷംതന്നെ, തിരുവനന്തപ്പുരത്തു നടന്ന ജൂനിയര്‍ വിഭാഗം മത്സരത്തില്‍ 'മിസ്റ്റര്‍ കേരള' യായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊല്‍ക്കത്ത യിലെ മത്സരം സംഘടിപ്പിച്ചത്, ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള 'ഓര്‍ഡിനന്‍സ് ഫാക്ടറീസ് സെര്‍വീസ് (IOFS) ആണ്. ആ മത്സരത്തില്‍, 'മിസ്റ്റര്‍ ഇന്ത്യ' യായി. ബെസ്റ്റ് പോസിംഗ് അവാര്‍ഡും ലഭിച്ചു.
പഞ്ചാബിലെ അമൃത്സറില്‍, 96ല്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ഞാനായിരുന്നു മിസ്റ്റര്‍ ഇന്ത്യ. ജൂനിയര്‍ വിഭാഗത്തിലായിരുന്നു അത്. അതിനുമുന്‍പ്, 95ല്‍, ആസാമിലെ ജോര്‍ഹട്ടില്‍ നടന്ന മത്സരത്തില്‍ സില്‍വര്‍ മെഡല്‍ ലഭിച്ചിരുന്നു. സതേണ്‍ റെയില്‍ വേയുടെ 96, 97, 2000, 2005, 2014, 2012, 2018 വര്‍ഷങ്ങളിലെ ബോഡി ബില്‍ഡിങ്ങ് ജൂനിയര്‍ വിഭാഗം മിസ്റ്റര്‍ ഇന്ത്യയായിരുന്നു. ഈ വര്‍ഷങ്ങളിലെ പോസിംഗ് ചാ മ്പ്യന്‍ഷിപ്പും എനിക്കായിരുന്നു.
2000ലാണ് ആദ്യമായി സീനിയര്‍ വിഭാഗത്തില്‍ മിസ്റ്റര്‍ ഇന്ത്യ ആകുന്നത്. 78കിലോ കാറ്റഗറിയില്‍. ബോംബയിലെ പരേമിക് എന്ന സ്ഥലത്ത്, ഇന്ത്യന്‍ റെയില്‍ വെയുടെ മത്സരമായിരുന്നു. ഞാനന്ന് റെയില്‍വെയിലാണ്. അവിടെയും ബെസ്റ്റ് പോസര്‍ അവാര്‍ഡ് എനിക്കായിരുന്നു.
* ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയെ പ്രതിനിധീകരിച്ച്, ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ കാലെടുത്തുവെച്ചപ്പോള്‍ എന്തായിരുന്നു മനസ്സില്‍?
'ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു' എന്ന് അറിഞ്ഞ ആ നിമിഷത്തില്‍ ഞാന്‍ അനുഭവിച്ച ആഹ്ലാദമാണ് അതില്‍ എടുത്തുപറയേണ്ട കാര്യം. മറ്റു വിജയങ്ങളെപോലെ, യാത്രകളെപോലെയല്ല സിയോളിലേക്കുള്ള ആ യാത്ര. അത്, ഇന്ത്യയ്ക്കു പുറത്തോ അന്താരാഷ്ട്രതലത്തിലോ ആയതുകൊണ്ടും അല്ല.
മൂന്ന് കാര്യങ്ങളാണ്, അന്നനുഭവിച്ച ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും അളവ് പറഞ്ഞറിയിക്കാനുള്ളത്. അതില്‍, പ്രധാനപ്പെട്ട കാര്യം, എന്റെയറിവില്‍ ഇന്നുവരെ, ബോഡി ബില്‍ഡിംഗുമായി ബന്ധപ്പെട്ട്, കേരളത്തില്‍നിന്നും ആരും അവിടംവരെ എത്തിയിട്ടില്ല.
മറ്റൊന്ന്, ഇരുപതാമത്തെ വയസിനുള്ളിലാണ് ഈ ഭാഗ്യം എനിക്കു ലഭിക്കുന്നത്. അതൊരു ചരിത്രമാണ്. ഇന്നും തിരുത്തപ്പെട്ടിട്ടില്ല.
പിന്നെ, ഞാന്‍ ചെന്നെത്താന്‍ പോകുന്നതോ, ലോകത്തിലെ രണ്ട് വമ്പന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് കായികതാരങ്ങള്‍ പടവെട്ടിയ, ലോകമെമ്പാടുമുള്ള കായിക പ്രേമികളെ ഉത്തേജനം കൊള്ളിച്ച ഒരു ട്രാക്കിലേക്കും. ഇതിഹാസപോരാട്ടമായി വാഴ്ത്തപ്പെടുന്ന, 1988ലെ കാള്‍ ലൂയിസ് - ബെന്‍ ജോണ്‍സന്‍ ഓട്ടമത്സരം, സിയോളിനെ അന്നത്തെ യുവക്കള്‍ക്കിടയില്‍ അത്രയ്ക്കും പോപ്പുലറാക്കിയിരുന്നല്ലോ. ആ ചരിത്ര സ്റ്റേഡിയം നേരില്‍ കാണാന്‍ കഴിയുക എന്നതു തന്നെ വലിയ ഭാഗ്യമാണ്. തന്നെയുമല്ല, 1996ലെ ആ മത്സരത്തില്‍, ജൂനിയര്‍ വിഭാഗത്തില്‍, ഏഷ്യയിലെ അഞ്ചാമത്തെ ബോഡി ബില്‍ഡര്‍ ആകാനും കഴിഞ്ഞു.
* സിയോളിലേക്കുള്ള ഈ ചരിത്രയാത്രയില്‍, മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍?
അതൊരുപാടുണ്ട്. ഏതൊരു പ്രൊഫഷനിലുമുള്ളതുപോലെതന്നെ, നമ്മള്‍ മുന്‍കയ്യെടുത്തു നടത്തേണ്ട പ്രയത്നങ്ങള്‍... അനുഭവിക്കേണ്ടിവരുന്ന ഇകഴ്ത്തലുകള്‍... തിരസ്‌ക്കരണങ്ങള്‍... മുന്നേറുന്ന ഓരോ ഘട്ടങ്ങളിലുമുണ്ടാകുന്ന ആശങ്കകള്‍... പിരിമുറുക്കങ്ങള്‍... അങ്ങനെ പലതും. അതിനെയെല്ലാം അതിജീവിച്ചു നമ്മള്‍ വിജയിച്ചു തുടങ്ങുന്ന സ്റ്റേജില്‍നിന്നും അതെല്ലാം അപ്രസക്തമാകും.
പിന്നീട്, ലഭിക്കുന്ന പ്രചോദനങ്ങളിലേക്കും അംഗീകാരങ്ങളിലേക്കും സഹായ ഹസ്തങ്ങളിലേക്കുംമറ്റുമായി നമ്മുടെ ശ്രദ്ധ തിരിയും. അവിടം തൊട്ടാണ്, നമ്മളൊരു പ്രൊഫഷണലായി മാറുന്നത്.
ഇവിടെ പ്രസക്തമാക്കുന്ന രണ്ട് കാര്യങ്ങള്‍ പറയാം.
അന്ന്, ജോര്‍ഹാട്ടിലെ മത്സരവേളയില്‍, പദ്മശ്രീ പ്രേംചന്ദ് ദേഗ്ര വേദിയിലെത്തി എന്നെ അഭിനന്ദിക്കുകയുണ്ടായി. ഇന്ത്യയിലെ അന്നത്തെ ഏറ്റവും വലിയ സ്പോര്‍സ് പ്രമോട്ടേര്‍ഴ്‌സ് ടീം ആയ ജെ.സി.ടി. മില്‍ക്ക്സിന്റെ തലപ്പത്തായിരുന്നു അന്നദ്ദേഹം. അദ്ദേഹമാണ് എന്നെ ജെ.സി.ടിയില്‍ എത്തിച്ചത്.
കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസതാരങ്ങളായ ഐ.എം. വിജയന്‍, ജോപോള്‍ അഞ്ചേരി, ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ തുടങ്ങിയ ആളുകള്‍ ജെ.സി.ടിയില്‍ തിളങ്ങി നില്ക്കുന്ന കാലമായിരുന്നു അത്. അന്നെനിക്കു പ്രായം പത്തൊമ്പത്. ദേഗ്രയില്‍നിന്നും ലഭിച്ച ശിക്ഷണങ്ങളും ജെ.സി.ടിയിലെ എക്‌സ്പീരിയന്‍സും മറ്റുമാണ്, സിയോളിലേക്കുള്ള വഴി എന്റെ മുന്നില്‍ തുറന്നിട്ടത്.
ഓര്‍ക്കാനുള്ള പ്രോത്സാഹനങ്ങള്‍ ഒരുപാടുണ്ട്. ഈയൊരു അവസരത്തില്‍, അതിലെ ഒരു പ്രധാനപ്പെട്ട കാര്യംമാത്രം എടുത്തുപറയുകയാണ്. ഞാനാദ്യമായി മത്സരിച്ചതും ചാമ്പ്യനാകുകയും ചെയ്തത്, 92ലെ ജില്ലാ സബ് ജൂനിയര്‍ ചാമ്പ്യന്‍ ഷിപ്പിലായിരുന്നുവല്ലോ. അന്ന്, എന്റെ നാട് തന്ന സ്വീകരണമാണ് എനിക്കു ലഭിച്ച ആദ്യത്തെ പ്രോത്സാഹനം. അത്, സംഘടിപ്പിച്ചത്, ഈ അഭിമുഖം ചെയ്യുന്ന സതീശേട്ടനാണ്. ഡിവിഷന്‍ കൗണ്‍സിലര്‍ വിശ്വനാഥന്‍ അദ്ധ്യക്ഷനായിരുന്ന ആ വേദിയില്‍, DYFI ജില്ലാ സെക്രട്ടറി ഏ.ജി. വിജയനാണു പുരസ്‌കാരം സമ്മാനിച്ചത്.
പ്രശസ്ത അന്താരാഷ്‌ട്ര ഇന്ത്യൻ ചെസ് താരം നിഹാൽ സരിനെ കുറിച്ച്, പ്രമുഖ പത്രപ്രവർത്തകൻ ഭാസി പാങ്ങിൽ എഴുതിയ ലേഖനം: