ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടൂർണമെന്റോർമ്മ: വർഗീസ് തോമസ് ചിറ്റിലപ്പിള്ളി
| Varghese Thomas Chittilappilli |
ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടാമാണ്ട്. ഞാനന്ന്, എട്ടാം ക്ളാസില്‍ പഠിക്കുന്നു. ഇക്കാലത്താണ്, ബോബി ഫിഷര്‍ എന്ന ചെസ്സ് മാന്ത്രികനെകുറിച്ചറിയുന്നത്. കൃത്യമായി പറഞ്ഞാല്‍, ഐസ്‌ലാന്റില്‍ നടന്ന ഫൈനലില്‍ റഷ്യക്കാരന്‍ ബോറിസ് സ്പാസ്‌കിയെ ഫിഷര്‍ തോല്പിച്ചപ്പോള്‍ മുതലാണ്, ചെസ്സ് കളിക്കണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്.
ഞങ്ങളുടെ ഗ്രാമത്തിലൊരു കലാസമിതിയുണ്ടായിരുന്നു. 'കാളിദാസ കലാസമിതി'. ഫിഷറിനെപ്പറ്റി കേട്ടപ്പോള്‍ എല്ലാവര്‍ക്കും ചെസ്സ് കളിക്കാന്‍ മോഹം. ഒരു ബോര്‍ഡ് വാങ്ങി കളി തുടങ്ങി. കരുക്കളുടെ നീക്കത്തെകുറിച്ച് ആര്‍ക്കുമറിയില്ല. ആദ്യം വെട്ടിമാറ്റിയത്, രാജാവിനെ!
ഒരു സായാഹ്നത്തില്‍ സ്‌കൂളിലെ ഒരു മാഷ് ഞങ്ങള്‍ കളിക്കുന്ന വഴി വന്നു. രാജാവിനെ വെട്ടാന്‍ പറ്റില്ലെന്നും കരുനീക്കങ്ങള്‍ എങ്ങനെയാണെന്നും തുടങ്ങിയ ബാലപാഠങ്ങള്‍ അദ്ദേഹമാണു പഠിപ്പിച്ചത്.
എന്റെ ജ്യേഷ്ഠനും അദ്ദേഹത്തിന്റെ കൂട്ടുകാരനുമായിരുന്നു ഞങ്ങളുടെ ഗ്രൂപ്പില്‍ സീനിയേഴ്‌സ്. അവരായിരുന്നു മിക്കവാറും ചെസ്സ് ബോര്‍ഡിനു മുന്‍പില്‍. ഉച്ചഭക്ഷണത്തിനോ മറ്റോ ഉള്ള അവരുടെ ഇടവേളകളിലായിരുന്നു ഞങ്ങള്‍ ജൂനിയേഴ്‌സിന്റെ പ്രാക്ടീസ്. അവരെത്തിയാല്‍, ഞങ്ങളുടെ കളി തീരും. അവര്‍ രണ്ടുപേരും പിന്നീട്, നാട്ടിലെ മികച്ച കളിക്കാരായി. ഇവരോടുള്ള വാശി തീര്‍ക്കാന്‍ ഒഴിവുസമയങ്ങളില്‍ ഞാന്‍ ചെസ്സില്‍ മുഴുകാന്‍ തുടങ്ങി. ആ 'വാശി' ലക്ഷ്യം കണ്ടു. അവരെ പലവട്ടം തോല്പിക്കാനും കഴിഞ്ഞു.
1976. ടൈപ്‌റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ പോകുന്ന കാലം. ഒരു സ്റ്റേറ്റ് ലെവല്‍ ടൂര്‍ണമെന്റില്‍ കളിക്കാനുള്ള അവസരം കിട്ടി. അന്നൊന്നും എന്‍ട്രന്‍സ് ഫീ ഇല്ല. ഇന്നത്തെപോലെ, റാപ്പിഡ്/ ബ്ലിട്‌സ് കളികളുമില്ല. ക്ലാസിക് ചെസ്സ് മാത്രമാണുണ്ടായിരുന്നത്. ഒരു ക്രിക്കറ്റ് ടെസ്റ്റ് മാച്ച് പോലെയാണ്, ക്ലാസിക് ചെസ്സ്. ടെസ്റ്റ് ക്രിക്കറ്റില്‍ പ്ലാനിങ്ങിനും നല്ല ബോളുകള്‍മാത്രം തിരഞ്ഞെടുക്കാനും ധാരാളം സമയമുണ്ട്. അതു പോലെയാണ്, ക്ലാസിക് ചെസ്സിലും. ചിന്തിക്കാനും കരുനീക്കങ്ങളെ അവലോകനം ചെയ്യാനും മറ്റും സമയം കിട്ടും. ടെന്‍ഷന്‍ ഇല്ല. നമ്മുടെ കോണ്‍ഫിഡെന്‍സ് ലെവല്‍ നഷ്ടപ്പെടില്ല.
ആ ടൂര്‍ണമെന്റില്‍ ഒരു ദിവസം. അന്നത്തെ കളി തീര്‍ന്നപ്പോള്‍ രാത്രി പന്ത്രണ്ട് മണി. വീട്ടില്‍ അറിയിക്കാതെയാണ്, ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. വൈകുമെന്നു കരുതിയിരുന്നില്ല. എന്നും ക്ളാസ് കഴിഞ്ഞു നാലുനാലര മണിയോടെ വീട്ടില്‍ എത്താറുള്ളതാണ്. അന്നെത്തിയപ്പോള്‍, പുലര്‍ച്ചെ രണ്ട് മണി!
വീട്ടില്‍ മണ്ണെണ്ണ വിളക്ക് കത്തുന്നുണ്ടായിരുന്നു. അപ്പനും അമ്മയും ഉറങ്ങിയിരുന്നില്ല. ചെസ്സ് കളിയ്ക്കുന്നതൊന്നും അപ്പന് ഇഷ്ടമുള്ള കാര്യമല്ല. അന്നെന്തോ അപ്പന്‍ നിശ്ശബ്ദനായിരുന്നു.
കാലത്ത് അമ്മ പറഞ്ഞു, 'നിന്നെ കാണാതെ അപ്പന്‍ ഉറങ്ങാതിരിക്കുകയായിരുന്നു.' എന്ന്. എപ്പോഴും ദേഷ്യക്കാരനായി മാത്രം കണ്ടിട്ടുള്ള അപ്പന്, സ്‌നേഹം എന്ന വികാരം കൂടി ഉണ്ടെന്ന് അന്നു മനസിലായി. കളിയില്‍ ഫൈനല്‍ ജയിച്ചാണു ഞാന്‍ വന്നതെന്നറിഞ്ഞപ്പോള്‍ അപ്പന് ഒരഭിമാനമൊക്കെ തോന്നിയിട്ടുണ്ടെന്ന്, പിന്നീട്, പലപ്പോഴുമെനിക്കു തോന്നിയിട്ടുണ്ട്.
ചാലക്കുടിയിലായിരുന്നു ആ ടൂര്‍ണമെന്റ്. സിനിമാ നടി റാണിചന്ദ്രയായിരുന്നു സമ്മാനദാനം ചെയ്യേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍, അതിനും ഒരാഴ്ച്ച മുന്‍ പാണ്, വിമാനാപകടത്തില്‍ അവര്‍ മരിച്ചത്. എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന ചുമ്മാര്‍ ചൂണ്ടല്‍ ആയിരുന്നു സമ്മാനദാനം നിര്‍വ്വഹിച്ചത്.
അങ്ങനെ, കുറച്ചു കാലം കൂടി നാട്ടില്‍ ചെസ്സുമായി നടന്നു. പിന്നീട്, നാല്പ്പത് കൊല്ലത്തോളം കേരളത്തിനു പുറത്തായിരുന്നു. അവിടെ, കളി തുടരാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നു പറയാം. കൂടെയുള്ളവര്‍ക്കു ചെസ്സിലൊന്നും താല്പര്യമില്ല. വല്ലപ്പോഴുമുള്ള നാട്ടില്‍ വരവുകളിലും കഴിയാറില്ല.
ചെസ്സിനെ പിരിഞ്ഞ നീണ്ടവര്‍ഷങ്ങള്‍.... നാട്ടില്‍ സ്ഥിരമാക്കിയിട്ട് ഏഴ് വര്‍ഷം. ഈയിടെയാണു ചെസ്സിലേക്കു മടങ്ങി വരുവാന്‍ സാധിച്ചത്. രണ്ട് മാസങ്ങള്‍ക്കു മുന്‍പ്, എന്റെ പേരക്കുട്ടികളായ സാവിയോയ്ക്കും സാഞ്ചിയോയ്ക്കുമൊപ്പം കോടാലിയില്‍ ഒരു സ്റ്റേറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുത്തു. അതില്‍, കുട്ടികളുടെ ഗണ്യമായ പ്രാധിനിത്യം കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. സാവിയോയ്ക്കു പതിനഞ്ചും സാഞ്ചിയോയ്ക്ക്. എട്ടുമാണു വയസ്. കാലമെത്ര മാറിപ്പോയി... കുട്ടികളും! അവരിന്നെത്ര വേഗമാണ്, മന്ത്രികതയിലാണ്, ചെസ്സിലേക്ക് ആഴുന്നത്. പണ്ടത്തെപോലെയല്ല; ഇന്ന്, ബഹുഭൂരിപക്ഷം രക്ഷിതാക്കളും കുട്ടികള്‍ക്കൊപ്പമാണ്. പഠിപ്പിലായാലും കളിയിലായാലും ഇതര ആക്ടിവിറ്റീസുകയാലും രക്ഷിതാക്കള്‍ അവരുടെ അഭിരുചികളെ മാനിക്കുന്നു; പ്രോത്സാഹിപ്പിക്കുന്നു.
കോടാലിയില്‍ നടന്ന ആ ടൂര്‍ണമെന്റില്‍, ഏഴ് റൗണ്ട് കളിയില്‍ മൂന്ന് കളിയാണു ജയിക്കാന്‍ കഴിഞ്ഞത്. ക്ലാസിക്കില്‍നിന്നും റാപ്പിഡിലേക്കു ചെസ്സ് വളര്‍ന്നപ്പോള്‍ ഒപ്പം നീന്താന്‍ കഴിയാതിരുന്നതിനാലുള്ള ദുര്യോഗം.; കടന്നാക്രമണവഴികള്‍ കൈമോശം സംഭവിച്ചതിന്റെ പരിണതഫലം. പണ്ട്, തോല്വി അറിയാത്ത നാളുകളായിരുന്നു, അതിന്റെ ഒരു ഇച്ഛാഭംഗം ഉള്ളിലുണര്‍ ന്നെങ്കിലും അതിനെ അതിജീവിക്കാനും പെട്ടെന്നു കഴിഞ്ഞു.
ഇന്ന്, റാപ്പിഡ്/ ബ്ലിട്‌സ് കാലഘട്ടമാണ്. അതൊരു ട്വന്റി ട്വന്റി ക്രിക്കറ്റ് മാച്ച്‌പോലെയാണ്. ക്‌ളോക്കിനുമുന്‍പില്‍, പതിനഞ്ച് മിനിറ്റും ബോണസ് ടൈമും. നമ്മുടെ കഴിവിനനുസരിച്ച് ആലോചിക്കാനോ മൂവ്‌മെന്റുകള്‍ അനലൈസിസ് ചെയ്യാനോ സമയമില്ല. ഒരേസമയം ചെസ്സ് ബോര്‍ഡിലും ക്‌ളോക്കിലും ശ്രദ്ധിക്കണം. തെറ്റായാലും ശരിയായാലും ഓരോ മൂവും പെട്ടെന്നു നടത്തണം. പലപ്പോഴും നല്ല കളിക്കാര്‍പോലും അടിയറവ് പറയുന്നതും അതുകൊണ്ടാണ്. തിടുക്കപ്പെട്ടുള്ള കരുനീക്കങ്ങള്‍... കളി തുടങ്ങും മുന്‍പേ തുടങ്ങുന്ന ടെന്‍ഷന്‍...
എങ്കിലും, അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തലമുറയ്‌ക്കൊപ്പം ചലിക്കണമെങ്കില്‍, അ വരുടെ കാലത്തിനൊപ്പംതന്നെ നടന്നല്ലേ പറ്റൂ!
പതിറ്റാണ്ടുകളായി ശങ്കരയ്യ റോഡ് ദേശം ഈ കളിയെ നെഞ്ചേറ്റി വരുന്നു. ഒരു ചെസ്സ് കളിക്കാരന്‍ എന്ന നിലയില്‍ അതില്‍ അതിയായ സന്തോഷമുണ്ട്. ചെസ്സിനു വേണ്ടി പണ്ടത്തേക്കാള്‍ കൂടുതല്‍ ശ്രമങ്ങള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.
ശങ്കരയ്യ റോഡ് സമ്മര്‍ ചെസ്സ് ടൂര്‍ണമെന്റിന് എന്റെ എല്ലാ ഭാവുകങ്ങളും...
![]() |
| SSCT Journal Page 27 |
പ്രശസ്ത അന്താരാഷ്‌ട്ര ഇന്ത്യൻ ചെസ് താരം നിഹാൽ സരിനെ കുറിച്ച്, പ്രമുഖ പത്രപ്രവർത്തകൻ ഭാസി പാങ്ങിൽ എഴുതിയ ലേഖനം:
